• Thu, Jun 24, 2021 8:51 PM

All Categories

Uploaded at 1 month ago | Date: 09/05/2021 19:56:16

“ഞാൻ വിളിക്കാത്ത ആശുപത്രികളില്ല, എറണാകുളം ലിസി ആശുപത്രി, ചാലക്കുടി സെയിന്റ് ജയിംസ്, അങ്കമാലി ലിറ്റിൽ ഫ്ലവർ, തൃശൂർ ജൂബിലി മിഷൻ, ആസ്റ്റർ മെഡിസിറ്റി, അമൃത ആശുപത്രി, റിനൈ മെഡിസിറ്റി, അപ്പോളോ ആശുപതി അങ്ങനെ നിരവധി ആശുപത്രിയിലേക്ക് വിളിച്ചുകൊണ്ടേയിരുന്നു. ഒരു വെന്റിലേറ്റർ ഒഴിവുള്ള ആശുപത്രിക്കുവേണ്ടിയാണ് ഞാനീക്കാണുന്ന ആശുപത്രികളിലേക്ക് മുഴുവനും വിളിച്ചത്. അവസാനം അന്നമനട ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്  ടി കെ സതീശൻ  നിലവിലെ പഞ്ചായത്ത് പ്രസിഡന്റ്  പി വി വിനോദ് എന്നിവര്‍  കിണഞ്ഞു പരിശ്രമിച്ചതിന്റെ ഫലമായി വടക്കാഞ്ചേരി ഓട്ടുപാറയിലെ ആശുപത്രിയിൽ ഒരു വെന്റിലേറ്റർ ഒഴിവുണ്ടെന്ന് അറിവ് കിട്ടി. ഉടനെ ഇപ്പോൾ രോഗിയെ ചികില്സിച്ചുകൊണ്ടിരിക്കുന്ന താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് വിവരം പറഞ്ഞു. ഡോക്ടർ പറഞ്ഞു-"രോഗിയുടെ ഓക്സിജൻ ലെവൽ ഇപ്പോഴേ നാല്പതിനോടടുത്താണ്. അതിനാൽ ICU ആംബുലൻസ് തന്നെ വേണം, എന്നാലേ അത്രയും ദൂരം നമുക്ക് കൊണ്ടുപോകാനാവു”. ഉടനെ ICU ആംബുലൻസ് തരപ്പെടുത്തി. പക്ഷെ ദൗർഭാഗ്യകരമെന്ന് പറയട്ടെ ഈ സമയത്തിനുള്ളിൽ രോഗിയുടെ നില ഒന്നുകൂടി വഷളാവുകയും ഓക്സിജൻ ലെവൽ 40 നിന്ന് താഴോട്ടുപോവുകയും വളരെ പെട്ടന്ന് തന്നെ മരിക്കുകയും ചെയ്തു”.

 

മേല്പറഞ്ഞത് ഒരു വൈദികൻ-മേലഡൂർ ഉണ്ണിമിശിഹ ഇടവക വികാരി ഫാ. ജോളി വടക്കൻ പറഞ്ഞതാണ്. മേലഡൂർ പള്ളിയോട് ചേർന്ന് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ മാരിയപ്പൻ എന്ന ആരോഗ്യവാനായിരുന്ന 53 കാരന്റെ ദാരുണാന്ത്യത്തെക്കുറിച്ച് പറഞ്ഞതാണ്. മാരിയപ്പനും ഭാര്യ ജയ, മക്കളായ ആനന്ദ് (16), അഖിലേഷ് (15), ദീപക് (11) എന്നിവർ മേലഡൂർ പള്ളിയുടെ സമീപം മേലഡൂർ സമിതി സ്ക്കൂളിന്റെ പടിഞ്ഞാറായി താമസിച്ചുവരുന്നവരാണ്. അവരെല്ലാവരും ദിവസവും പള്ളിയിൽ വരുന്നവരാണ് എന്നതാണ് ഇടവകയിലുള്ളവർക്ക് അവർ പരിചിതരാകുവാൻ കാരണം. പള്ളിക്ക് മുൻവശത്തുള്ള കട വാടകയ്ക്ക് വാങ്ങി കച്ചവടം ചെയ്യാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചേ ആയിട്ടുള്ളു. അങ്ങനെ നമ്മുടെ നമ്മുടെ നാട്ടിലും നാട്ടുകാർക്കിടയിലും അലിഞ്ഞുതുടങ്ങിയ കുടുംബമായിരുന്നു മാരിയപ്പന്റേത്. അവരുടെ മക്കൾ മൂന്നുപേരും പഠിക്കുന്നത് നമ്മുടെ മേലഡൂർ സമിതി ഹൈ സ്കൂളിലാണ്. എന്തിനേറെ പറയുന്നു അവരിപ്പോൾ തൃശൂർ ജില്ലയിലെ ആലത്തൂർ വില്ലേജിലെ അന്നമനട പഞ്ചായത്തിലെ മേലഡൂർ ഗ്രാമനിവാസികളാണ്.

 

 മാരിയപ്പന് ശ്വാസതടസ്സവും ബുദ്ധിമുട്ടും അവർ അച്ഛനെ വിളിച്ചറിയിച്ച ഉടനെത്തന്നെ അച്ഛൻ മാരിയപ്പനെ പള്ളിയുടെ ആംബുലൻസിൽ കയറ്റി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയതിന് ശേഷമാണ് മാരിയപ്പന്റെ നില വഷളായതും മരണത്തിലേക്ക് എത്തിയതും. പിന്നീടുള്ളതാണ് ആദ്യം പറഞ്ഞുവെച്ചത്.  

 

 മാരിയപ്പന്റെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ തിരുനെൽവേലിയിലേക്ക് എത്തിക്കുക സാധ്യമല്ല. തളർന്നുപോയ ഭാര്യയും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും എങ്ങനെ ഇതിനെ നേരിടും എന്നതായി അടുത്ത ആശങ്ക. മാരിയപ്പന്റെ മുതദേഹം അനാഥത്വത്തിന് വിട്ടുകൊടുക്കുവാൻ അന്നമനട ഗ്രാമപഞ്ചായത്തും ഗ്രാമവാസികളും ഈ ഇടവകയും തയ്യാറായിരുന്നില്ല. കൊരട്ടി, ചാലക്കുടി തുടങ്ങിയ ശ്മാശാനങ്ങളുടെ ലഭ്യത്തെക്കുറിച്ച് അന്വേഷിച്ചു. നിലവിൽ 18 ആം വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രെസിഡന്റുമായ  ടി കെ സതീശൻ , നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് എന്നിവരുടെ നിർണ്ണായകവും സമയോചിതവുമായ ഇടപെടലുകൾ കൊണ്ടാണ് കുര്യച്ചിറയിലുള്ള വൈദുതശ്മശാനം ലഭിച്ചത്. ഈ പ്രതിസന്ധിഘട്ടത്തിലെ അവരുടെ ഇടപെടലുകൾ വിസ്മരിക്കാവുന്നതല്ല.

 

ജോളി അച്ഛൻ പറയുന്നു-നമ്മുടെ ആരോഗ്യരംഗത്തെ. പ്രതിസന്ധിയിലാക്കുംവിധം കോവിഡ് പടർന്ന് പിടിച്ചിരിക്കുന്നു. ഒരു രോഗിയെപ്പോലും ഉൾക്കൊള്ളാനാവാത്തവിധം ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. കോവിഡ് പിടികൂടാതെ ശ്രദ്ധിക്കുക മാത്രമാണ് ഒരേയൊരു പോംവഴി എന്ന് അച്ഛൻ തറപ്പിച്ചുപറയുന്നു.

 

അച്ഛൻ ഇങ്ങനെ പറയുന്നത് കോവിഡിനോട് പൊരുതുന്ന സർക്കാരിനും ആരോഗ്യപ്രവർത്തകർക്കുമൊപ്പമെന്നപോലെ അച്ഛനും പള്ളിയുടെ സംവിധാനങ്ങളും നിരന്തരം ഇടപെടുന്നു എന്നതുകൊണ്ടാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ എത്രയോ രോഗികളെ രാവും പകലുമായി അച്ഛൻ പള്ളിയുടെ ആംബുലൻസിൽ വിവിധ ആശുപത്രികളിൽ എത്തിച്ചിരിക്കുന്നു. 

 

മേലഡൂർ ഇടവകതലത്തിൽ കോവിഡ് വളണ്ടിയേഴ്സിന് അച്ഛൻ കഴിഞ്ഞ വർഷംതന്നെ രൂപം നല്കിയിട്ടുള്ളതാണ്. മേലഡൂർ ഇടവകയിൽ കോവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങളുടെ മൃതദേഹ സംസ്കാരം ഇവരുടെ സഹായത്താൽ തന്നെയാണ് നടന്നത്. ഇവരില്ലായിരുന്നുവെങ്കിൽ കാര്യങ്ങൾ അത്ര സുഖകരമാവില്ലായിരുന്നുവെന്ന് പറയാൻ നാട്ടുകാർ നിർബന്ധിതരായിരിക്കുന്നു. ഇപ്പോഴും ആ വളണ്ടീയേഴ്സ് കോവിഡ് ടാസ്ക് ഫോഴ്സ് എന്ന നിലയിൽ കൂടി സേവനം ഉറപ്പാക്കുന്നു. അത്യാസന്ന നിലയിലാരെങ്കിലുമുണ്ടെങ്കിൽ അവരെ ആശുപത്രിയിലെത്തിക്കുന്നതടക്കം ഏതുകാര്യത്തിനും അവർ മുമ്പിലുണ്ട്. കഴിഞ്ഞ വർഷം ആശുപത്രിൽ വെച്ച് മരണപ്പെട്ട കരേക്കാട്ട് കുഞ്ഞുവറീത് ആന്‍റെവിന്റെ മൃതദേഹം മുതൽ ഏഴ് കോവിഡ് മരണങ്ങളിൽ ആശുപത്രി മോർച്ചറികളിൽ നിന്നും ഏറ്റുവാങ്ങി വീട്ടിൽ എത്തിച്ചതും മൃതദേഹ സംസ്ക്കാര ശുശ്രൂഷകൾക്കൊപ്പം നിന്നതും ഈ മേലഡൂർ കോവിഡ് വളണ്ടീയേർസ് ആണ്. 

 

നിലവിൽ 24X 7 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് പള്ളിയിൽ തയ്യാറാണ്. പള്ളിയിലെ ഫോൺ നമ്പറിൽ ഒന്ന് വിളിച്ചാൽ ഭക്ഷണമോ അല്ലെങ്കിൽ അരിയും പലവ്യഞ്ജനങ്ങളടക്കമുള്ള സാധനങ്ങളോ മരുന്നുകളോ നിങ്ങൾക്ക് ലഭിക്കും. ഇപ്പോൾ തന്നെ 15 വീടുകളിലേക്ക് ഭക്ഷണമോ ഭക്ഷണ സാധനങ്ങളോ ദിനംപ്രതി പള്ളിയിൽ നിന്നും വീടുകളിലെത്തിച്ച് നൽകുന്നുണ്ട്. കോവിഡ് രോഗികൾക്കാവശ്യം വരുന്ന മരുന്നുകൾ ഇപ്പോഴും വീടുകളിൽ അവരുടെ കൈകളിൽ എത്തിച്ച് നൽകുന്നുണ്ട് നിങ്ങൾക്ക് മരുന്നിന് ആവശ്യമുണ്ടെങ്കിൽ വിളിച്ചുപറഞ്ഞാൽ മതി. മരുന്നുകൾ ലഭ്യമായവ ആണെങ്കിൽ അത് നിങ്ങളുടെ വീട്ടിൽ എത്തിയിരിക്കും.

 

സൗകര്യങ്ങൾ പരിമിതമാണ് എങ്കിലും മേലഡൂർ ഇൻഫന്റ് ജീസസ് ട്രസ്റ്റ് മിഷൻ ഹോസ്പിറ്റൽ കോവിഡ് ചികിത്സക്കോ, കോവിഡാനന്തര ചികിത്സകൾക്കോ അല്ലെങ്കിൽ ക്വാറന്റീൻ കേന്ദ്രമായൊ ഉപയോഗപ്പെടുത്തുന്നതിന് മേലഡൂർ ഇടവക സന്നദ്ധത അധികാരികളെ അറിയിച്ചിട്ടുള്ളതാണ്.

 

മൃതദേഹ സംസ്ക്കാരത്തിന് ഇടം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ ജോളി അച്ഛൻ പറഞ്ഞ വാക്കുകൾ മറന്നുപോകാൻ പാടില്ലാത്തതാണ്. "ആരും ഇടം തന്നില്ലെങ്കിൽ നമ്മുടെ ഇടവകയിൽ ഇടമുണ്ട്. അവർക്ക് ആചാരമുണ്ടെങ്കിൽ അതനുസരിച്ച് നമ്മളിവിടെ സംസ്കരിക്കും. ആറടി മണ്ണ് മാരിയപ്പന്റെ അവകാശമാണ്. നമ്മുടെ കൺമുമ്പിൽ വെച്ച് അത് നിഷേധിക്കാൻ നമുക്കാവില്ല. നമുക്ക് മനുഷ്യരോടൊപ്പം നിന്നേ പറ്റു". ചില കാര്യങ്ങൾ നമ്മൾ ദുരന്തങ്ങളിൽ നിന്ന് പഠിക്കും. ചിലതാവട്ടെ ചില മനുഷ്യർ സമൂഹത്തെ പഠിപ്പിക്കും

 

ദുരന്തങ്ങളില്ലായിരുന്നുവെങ്കിൽ  മാരിയപ്പാ, ഇനിയും ദൂരങ്ങൾ നമ്മൊളൊരുമിച്ച് യാത്ര ചെയ്യുമായിരുന്നു. മേലഡൂർ നിവാസികളും മാരിയപ്പനും തമ്മിലുള്ള ദൂരം എത്രയോ കുറഞ്ഞുപോയി ഇക്കാലത്തിനിടയ്ക്ക്. പക്ഷെ ഇപ്പോൾ ഒരു മഹാമാരി അറിയാത്ത ഒരു ദൂരത്തേക്ക് നിങ്ങളെ കൊണ്ടുപോയിരുന്നു. അങ്ങയുടെ കുടുംബത്തിന്റെ നഷ്ടവും ദുഃഖവും ഇനിമുതൽ ഞങ്ങളുടേതുകൂടിയാണ്. അവരുടെ ദുഃഖത്തിൽ നാടിനൊപ്പം ഈ ഇടവകയും അനുശോചനം അറിയിക്കുന്നു.

എഡിറ്റോറിയല്‍ ചോയ്സ്

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.